
മലപ്പുറം: ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ ഹൃദ്യം, മലപ്പുറം ജില്ലയിൽ 1852 കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി. ഈ വർഷം മാത്രം ജില്ലയിൽ 64 കുട്ടികൾക്കാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഒരു വയസ്സിൽ താഴെയുള്ള 956 കുട്ടികൾഒന്നിനും രണ്ടിനും ഇടയിൽ പ്രായമുള്ള 187 കുട്ടികൾ രണ്ടിനും അഞ്ചിനും ഇടയിലുള്ള 354 കുട്ടികൾ അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള 355 കുട്ടികൾ ഇവരാണ് ഹൃദ്യം പദ്ധതിയുടെ ഭാഗമായി ചികിത്സ നേടിയത്.
ഈ വർഷം ഇതിനോടകം 237 കുട്ടികളാണ് പദ്ധതിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കൽ ഫോളോ അപ്പ് മാത്രം മതിയായതുമായ കേസുകളും ഇതിൽ ഉൾപ്പെടുന്നു.നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്താനായി വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുന്നുണ്ട് ജനനസമയത്ത് സർക്കാർ ആശുപത്രികളിലുള്ള പരിശോധനകൾ.ഗൃഹസന്ദർശനം നടത്തുന്ന ആരോഗ്യപ്രവർത്തകർ നടത്തുന്ന പരിശോധനകൾ.അങ്കണവാടികളിലും സ്കൂളുകളിലും നടത്തുന്ന ആർ.ബി.എസ്.കെ സ്ക്രീനിംഗ്.സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും പൾസ് ഓക്സിമെട്രി സ്ക്രീനിംഗിന് വിധേയരാക്കും. ശിശുരോഗ വിദഗ്ധരുടെ സഹായത്തോടെ എക്കോ ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തി ജന്മനാലുള്ള ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തുകയാണ് ആദ്യപടി.
സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഹൃദ്യം പദ്ധതി വഴി സേവനം ലഭിക്കും. ഇത്തരത്തിൽ ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങൾ http://hridyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് സൗജന്യവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കി ജീവിതം തിരിച്ചുപിടിക്കാൻ സാധിക്കുന്നു.