
തിരുവനന്തപുരം:സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. “ജയിൽ സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നതിൻ്റെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം.
സാധാരണ ഒരു തടവുകാരന് ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ നിന്ന് ഒറ്റയ്ക്ക് രക്ഷപ്പെടാൻ കഴിയില്ല. ഇതിന് ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒത്താശ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്,” വി.ഡി. സതീശൻ പറഞ്ഞു.അധികൃതരുടെ നിഷ്‌ക്രിയത്വമാണ് ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നും,
പിടികൂടുന്നതിൽ പോലീസ് സംവിധാനത്തേക്കാൾ ഉപരിയായി നാട്ടുകാരുടെ ജാഗ്രതയാണ് നിർണായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ജയിൽ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജയിൽ എഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംസ്ഥാനത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.