
കണ്ണൂർ : കെഎസ്‌ആർടിസി കണ്ണൂർ-വയനാട് ഉല്ലാസയാത്ര പുനരാരംഭിച്ചു. എ.കെ.ജി. സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഒരു വട്ടം’ എന്ന സംഘടനയിലെ അംഗങ്ങളാണ് ആദ്യ യാത്രയിൽ പങ്കെടുത്തത്. പൂജാ അവധിക്ക് നിരവധി പാക്കേജുകളാണ് കണ്ണൂർ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയത്.
കുടജാദ്രി പാക്കേജ് – സെപ്റ്റംബർ 27-ന് രാത്രി 8-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 29-ന് രാത്രി 8-ന് തിരിച്ചെത്തുന്ന യാത്രയാണിത്. കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങൾ, ബേക്കൽ കോട്ട എന്നിവ സന്ദർശിക്കാം. മൂന്നാർ, കാന്തല്ലൂർ പാക്കേജ് – സെപ്റ്റംബർ 26-ന് രാത്രി 7-ന് പുറപ്പെട്ട് മൂന്നാർ, കാന്തല്ലൂർ, ചതുരംഗപ്പാറ എന്നിവിടങ്ങൾ സന്ദർശിച്ച് തിങ്കളാഴ്ച തിരിച്ചെത്തും. ഭക്ഷണവും താമസവും ഈ പാക്കേജിൽ ഉൾപ്പെടുന്നു.
വള്ളസദ്യ പാക്കേജ് – ഒക്ടോബർ 1-ന് രാവിലെ 5.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, കുന്തിദേവി ക്ഷേത്രം, കവിയൂർ ഗുഹാക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താം. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയും ആസ്വദിക്കാം.
കുട്ടനാട്, അതിരപ്പിള്ളി പാക്കേജ് – സെപ്റ്റംബർ 30-ന് രാത്രി 8-ന് പുറപ്പെട്ട് കുട്ടനാട്ടിൽ വേഗബോട്ടിൽ യാത്ര ചെയ്യാം. കൂടാതെ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളും സന്ദർശിച്ച് മൂന്നാം ദിവസം രാവിലെ 5-ന് കണ്ണൂരിൽ തിരിച്ചെത്തും. റിസോർട്ട് പാക്കേജ് – സെപ്റ്റംബർ 27-ന് രാവിലെ 9-ന് പുറപ്പെട്ട് ഒരു ദിവസം റിസോർട്ടിൽ താമസിച്ച് 28-ന് റാണിപുരം സന്ദർശിച്ച് രാത്രി 8-ന് കണ്ണൂരിൽ തിരിച്ചെത്തും.