
കൊച്ചി : സ്വർണ്ണ വില റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 85,000 രൂപയിലെത്തി. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 11,000 രൂപയിലെത്താൻ ഇനി വെറും 330 രൂപയുടെ കുറവ് മാത്രമാണുള്ളത്.
ഡോളറിന്റെ ബലഹീനതയും യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കൂടുതൽ കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവിലയെ പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വില വർധനവ് തന്നെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നത്.
നവരാത്രി, ദസറ, ദീപാവലി പോലുള്ള ഉത്സവങ്ങൾ രാജ്യത്തെ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയിൽ കാര്യമായ ഇടിവൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഈ വർഷം അവസാനത്തോടെ ആഗോള വിപണിയിൽ സ്വർണവില 3,800 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. അങ്ങനെ വന്നാൽ ഇന്ത്യയിൽ ഒരു പവൻ സ്വർണത്തിന്റെ വില 95,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയിൽ എത്താൻ സാധ്യതയുണ്ട്.