Banner Ads

ആഗോള അയ്യപ്പ സംഗമം സമാപിച്ചു: ശബരിമല വികസനത്തിനായി 18 അംഗ സമിതി രൂപീകരിച്ചു.

പത്തനംതിട്ട: ശബരിമലയുടെ വികസനത്തിനായി 18 അംഗ സമിതിയെ പ്രഖ്യാപിച്ചുകൊണ്ട് ആഗോള അയ്യപ്പ സംഗമം സമാപിച്ചു. മാറുന്ന കാലത്തിനനുസരിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ ഹൈന്ദവ സമുദായ സംഘടനകളുടെ സാന്നിധ്യം ഈ പരിപാടിയുടെ രാഷ്ട്രീയ വിജയം സൂചിപ്പിക്കുന്നതായി സർക്കാർ വിലയിരുത്തുന്നു.

കൈതപ്രത്തിന്റെ അയ്യപ്പ ശ്ലോകത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം ദേവസ്വം മന്ത്രി വി.എൻ. വാസവൻ വേദിയിൽ അഭിമാനപൂർവ്വം വായിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ശബരിമലയുടെ വികസനത്തിന് ഊന്നൽ നൽകിയ മുഖ്യമന്ത്രി, ഭക്തി ഒരു പരിവേഷമായി കാണുന്നവർ പരിപാടി തടയാൻ ശ്രമിച്ചുവെന്നും വിമർശിച്ചു. പിണറായി വിജയൻ ഒരു നല്ല ഭക്തനാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിലാണ് വെള്ളാപ്പള്ളി വേദിയിലെത്തിയത്.

തമിഴ്നാട്ടിൽ നിന്ന് മന്ത്രിമാരായ ശേഖർ ബാബുവും പളനിവേൽ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് പങ്കെടുത്ത പ്രമുഖർ. പ്രസംഗിക്കാൻ ക്ഷണിക്കാൻ വൈകിയതിനെ തുടർന്ന് പളനിവേൽ ത്യാഗരാജൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചത് ശ്രദ്ധേയമായി.വിവാദങ്ങളെ തുടർന്ന് സന്നിധാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ട തന്ത്രി കണ്ഠരര് മോഹനനും അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ വിളക്ക് തെളിയിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചു.അടുത്ത മാസം രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്നും, ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവനുമായി ആശയവിനിമയം നടത്തിയെന്നും ദേവസ്വം മന്ത്രി അറിയിച്ചു. സന്ദർശന തീയതി പിന്നീട് അറിയിക്കും.