
വാഷിങ്ടൻ : റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ പുതിയ നീക്കവുമായി അമേരിക്ക. ഇരു രാജ്യങ്ങൾക്കെതിരെയും കൂടുതൽ തീരുവ ചുമത്താൻ ജി-7 രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു. യുക്രെയ്നിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം.
വെള്ളിയാഴ്ച നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തിൽ യുഎസ് മുന്നോട്ടുവച്ച ഈ നിർദേശം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചൈനയ്ക്കും ഇന്ത്യയ്ക്കും 100% വരെ തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജി-7 രാജ്യങ്ങൾക്ക് മുന്നിലും ഇതേ നിർദേശം വെച്ചിരിക്കുന്നത്.
യുഎസിന് പുറമെ, യുകെ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ എന്നിവയാണ് ജി-7 കൂട്ടായ്മയിലെ മറ്റ് അംഗരാജ്യങ്ങൾ. “റഷ്യൻ എണ്ണ ചൈനയും ഇന്ത്യയും വാങ്ങുന്നതിലൂടെ പുട്ടിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നൽകുകയാണ്. ഇത് യുക്രെയ്ൻ ജനതയെ ഉന്മൂലനം ചെയ്യുന്നതിലേക്ക് നയിക്കുന്നു. യുദ്ധം അവസാനിക്കുന്നതുവരെ ഈ രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവകൾ ചുമത്തണം. ജി-7 രാജ്യങ്ങളും ഞങ്ങളോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ,” യുഎസ് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു.