
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ബാലതാരം സാറാ അർജുൻ ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിന്റെ നായികയായി എത്തുന്നു. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ’ എന്ന മാസ് ആക്ഷൻ ത്രില്ലറിലാണ് സാറ നായികാവേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സാറയും രൺവീറും തമ്മിലുള്ള പ്രായവ്യത്യാസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.’ആൻമരിയ കലിപ്പിലാണ്’ എന്ന മലയാള ചിത്രത്തിലൂടെയും വിക്രമിന്റെ ‘ദൈവത്തിരുമകൾ’,
മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്നീ തമിഴ് ചിത്രങ്ങളിലൂടെയും സാറ അർജുൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ആറാം വയസ്സിൽ ഹിന്ദി ചിത്രമായ ‘404’ ലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഇരുപതോളം സിനിമകളിൽ സാറ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
രൺവീർ സിംഗിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറക്കിയത്. 2025 ഡിസംബർ 5-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.’ധുരന്ധർ’ന്റെ ടീസർ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച സാറാ അർജുന്റെ പ്രായം.
20 വയസ്സുകാരിയായ സാറ 40 വയസ്സുകാരനായ രൺവീർ സിംഗിന് നായികയായി എത്തുന്നത് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. “40കാരന്റെ റൊമാൻസ് 20കാരിയോട്, നാണമില്ലേ രൺവീറേ,” “ബോളിവുഡിന് നായികമാർക്ക് ഇത്രയും ദാരിദ്ര്യമോ?” എന്നിങ്ങനെയുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
എന്നാൽ, സാറയുടെ അഭിനയമികവിനെ അഭിനന്ദിക്കുന്നവരും കുറവല്ല. ബാലതാരത്തിൽ നിന്ന് നായികയായി മാറിയ സാറയുടെ സിനിമാ ജീവിതം ആകാംഷയോടെ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.