
തിരുവനന്തപുരം: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെശശീന്ദ്രൻ.അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിൽ വീഴ്ച സംഭവിച്ചതായാണ് മനസ്സിലാകുന്നത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്ന് അടിയന്തര റിപോർട്ട് തേടിയതായും മന്ത്രി പറഞ്ഞു
.ഇന്ന് രാവിലെയായിരുന്നു കോന്നി ആനക്കൂട്ടിൽ അടൂർ കടമ്ബനാട് സ്വദേശി അഭിറാം അപകടത്തിൽ മരിച്ചത്. ഇളകി നിൽക്കുകയായിരുന്ന കോൺക്രീറ്റ് തൂണ്കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.ഇതേത്തുടർന്ന് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കോന്നി ആനത്താവള കേന്ദ്രം അടച്ചു. കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിന് ആനക്കൂട്ടിൽ എത്തിയതായിരുന്നു അഭിറാം. അമ്മയുടെ കൺമുന്നിൽ വെച്ചായിരുന്നു ദുരന്തം. ഗുരുതരമായി പരുക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്