Banner Ads

കുടുംബ പ്രശ്നം സ്കൂളിലേക്ക്; പരാതി നൽകിയിട്ടും മർദ്ദനം തുടർന്നു, കോട്ടയത്ത് അധ്യാപികയ്ക്ക് നേരെ ആക്രമണം

കോട്ടയം : പേരൂർ പൂവത്തുംമൂട് ഗവ എൽപി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെച്ച് അധ്യാപികയ്ക്ക് നേരെ ഭർത്താവിൻ്റെ ആക്രമണം. തിരുവഞ്ചൂർ മോസ്‌കോ സ്വദേശിയായ അധ്യാപിക ഡോണിയയ്ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.

കൊച്ചുമോൻ സ്കൂളിലെത്തി ക്ലാസെടുക്കുകയായിരുന്ന ഡോണിയയെ ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കൈവശം കരുതിയ കത്തി ഉപയോഗിച്ച് ഡോണിയയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചു. മോസ്‌കോ സ്വദേശികളായ ഡോണിയയും കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

മർദനം തുടർന്നതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പോലീസ് കൊച്ചുമോനെതിരെ കേസെടുത്തിരുന്നു. വർക്കിങ് വിമൺസ് ഹോസ്റ്റലിലാണ് ഡോണിയ താമസിച്ചിരുന്നത്. മുറിവേറ്റ ഡോണിയയെ ഉടൻ തന്നെ മറ്റ് അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.