Banner Ads

ഓണത്തിന് നാട്ടിലെത്താൻ കൊള്ള നിരക്ക്: വിമാനക്കമ്പനികളും സ്വകാര്യ ബസുകളും പ്രവാസികളെ പിഴിയുന്നു

ബെംഗളൂരു:ഓണത്തിന് നാട്ടിലെത്താൻ കൊതിക്കുന്ന മറുനാടൻ മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ട്രാവൽ ഏജൻസികളും വിമാനക്കമ്പനികളും. ട്രെയിനുകൾ കഴിഞ്ഞാൽ മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന സ്വകാര്യ ബസുകളിൽ സീറ്റുറപ്പിക്കാൻ നാലായിരവും അയ്യായിരവും നൽകേണ്ട സ്ഥിതിയാണ്.

തിരുവനന്തപുരത്തേക്കുള്ള വിമാന നിരക്ക് ഇപ്പോൾ തന്നെ ഒൻപതിനായിരം കടന്നു. ഗരീബ്‍രഥ് എക്സ്പ്രസിൽ വെയിറ്റിംഗ് ലിസ്റ്റ് 200 പിന്നിട്ടു, ഐലൻഡ് എക്സ്‍പ്രസിലും യശ്വന്ത്പൂർ എക്സ്‍പ്രസിലും സീറ്റില്ല. സെപ്തംബർ രണ്ടിന്റെ ട്രെയിനിലെ അവസ്ഥയാണ് ഇത്. നാട്ടിലെത്തണം, ഓണമുണ്ണണം, എന്തുണ്ട് വഴി. ബെംഗളൂരുവിൽ മലയാളികൾ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്.

ഓണം വരുന്ന സെപ്തർ ആദ്യ വാരത്തിൽ നാട്ടിലേക്കുള്ള ട്രെയിനുകളിൽ ഇടമില്ല. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും എറണാകുളത്തേക്കുമുള്ള ട്രെയിനുകളെല്ലാം ഫുൾ. ജനറൽ കംപാർട്ട്മെന്റുകളിൽ സാഹസം കാണിച്ച് കയറിക്കൂടിയാൽ പോലും നാട്ടിലെത്താനാകുമെന്ന് ഉറപ്പില്ല.

സെപ്തംബ‍‍ർ രണ്ടിന് തിരുവന്തപുരത്തേക്കുള്ള ഗരീബ്രഥിൽ വെയിറ്റിംഗ് ലിസ്റ്റ് 200 കടന്നു. കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ ബുക്കിംഗ് അവസാനിച്ചു. കണ്ണൂരിലേക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസിൽ ഇനി സാധ്യത തത്കാൽ മാത്രം. തൊട്ടടുത്ത ദിവസവും സ്ഥിതി വ്യത്യസ്തമല്ല. ഇനി ഫ്ലെറ്റിനെ ആശ്രയിക്കാമെന്ന് കരുതിയാൽ കീശ മറ്റൊന്ന് തയ്പ്പിക്കേണ്ടി വരും.

സെപ്തംബർ രണ്ടിന് 6,998 രൂപയും ഉത്രാട ദിനത്തിൽ 9135 രൂപയുമാണ് തിരുവനന്തപുരത്തേക്കുള്ള നിരക്ക്. താരതമ്യേന നിരക്ക് കുറവുള്ള കൊച്ചിയിലേക്കും ടിക്കറ്റ് ചാർജ് ഉയരുകയാണ്. കെഎസ്ആർടിസി ബസുകളെ ആശ്രയിക്കാമെന്ന് കരുതിയാൽ, തിരുവനന്തപുരത്തേക്ക് 8 ബസുകൾ സർവീസ് നടത്തുന്ന ഉത്രാടത്തലേന്ന്, ഒഴിവുള്ളത് ഒന്നോ രണ്ടോ സീറ്റാണ്. അതിലും ഫ്ലെക്സി നിരക്ക് നൽകേണ്ടി വരും.