
മലപ്പുറം : മലബാറിന്റെ വികസനക്കുതിപ്പിന് കരുത്തേകി പൊന്നാനിയിൽ വൻകിട കപ്പൽ നിർമ്മാണശാല വരുന്നു. കൊച്ചി കപ്പൽശാല കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കേന്ദ്രമായി പൊന്നാനിയെ മാറ്റുകയാണ് ലക്ഷ്യം. കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ആദ്യഘട്ടത്തിൽ ചെറുകിട കപ്പലുകളുടെ നിർമ്മാണത്തിനാണ് മുൻഗണന. ഇതിനായി അഴിമുഖത്ത് പ്രത്യേക വാർഫ് നിർമ്മിക്കും.
ഏഴ് മുതൽ പത്ത് വർഷത്തിനുള്ളിൽ വൻകിട കപ്പലുകൾ നിർമ്മിക്കാനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കും. പദ്ധതി പൂർണ്ണതോതിലാകുന്നതോടെ നേരിട്ടും അല്ലാതെയും ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേവലം ഒരു നിർമ്മാണശാല എന്നതിലുപരി കപ്പൽ നിർമ്മാണ മേഖലയിൽ യുവാക്കൾക്ക് പ്രായോഗിക പരിശീലനം നൽകാൻ അത്യാധുനിക സെന്ററുകളും ഇവിടെ ആരംഭിക്കും.