
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം കരുംകുളം പുതിയതുറയിൽ കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും മർദ്ദനമേറ്റ സംഭവത്തിലാണ് കേസെടുത്തത്. കോൺഗ്രസ് നേതാക്കളായ പുഷ്പം സൈമൺ, പുഷ്പം വിൻസന്റ്, സച്ചിൻ സൈമൺ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഎം കോവളം ഏരിയാ സെക്രട്ടറി അഡ്വ എസ് അജിത്തിനെയാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
ഇത് തടയുന്നതിനിടെ കവിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ വിനോദ് വൈശാഖി, മകൻ നിരഞ്ജൻ തുടങ്ങിയവർക്ക് മർദ്ദനമേറ്റിരുന്നു. പരിക്കേറ്റ വിനോദ് വൈശാഖി, നിരഞ്ജൻ എന്നിവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു വിഭാഗം കോൺഗ്രസുകാർ അവരെ തടഞ്ഞു. അതിനെതിരെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്.