
തിരുവനന്തപുരം : 85 വയസ്സുകാരിയെ പീഡിപ്പിക്കുകയും ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശിയായ അഖിൻ (20) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
പ്രതി വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപം തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്.
നാട്ടുകാർ ഉടൻതന്നെ വയോധികയെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം മർദനമാണ് നടന്നതെന്ന നിലയിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാൽ വിശദമായ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പ്രതിയെ ഉടൻതന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.