
മലപ്പുറം: വനം വകുപ്പ് ലേലം ചെയ്ത മുളകൾ കാട്ടാനക്കൂട്ടം തിന്നുതീർത്തതിനെ തുടർന്ന് ലേലമെടുത്ത സ്വകാര്യ കമ്പനിക്ക് കനത്ത നഷ്ടം. എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്നതിനാൽ മോഴയാനകൾ സ്ഥിരമായി ഇവിടെയെത്തി മുളകൾ തിന്നുന്നത് പതിവാണ്.
ഓരോ മുളയും എടുത്ത് ചവിട്ടിക്കൂട്ടി മൂപ്പ് നോക്കി ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് കഴിക്കുന്നതാണ് ആനകളുടെ രീതി. ദിവസവും ഏകദേശം അമ്പതോളം മുളകൾ ആനകൾ തിന്നു തീർക്കുന്നുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.
ആനകളുടെ ശല്യം കാരണം വെട്ടിയെടുത്ത മുളകൾ കാടുകളിൽ നിന്ന് മാറ്റി റോഡരികിൽ കൂട്ടിയിട്ടെങ്കിലും ഇവിടെയും ആനകൾ എത്താൻ തുടങ്ങി. മുള വെട്ടുന്ന മുപ്പതോളം തൊഴിലാളികൾ ഇവിടെയുണ്ട്. യാത്രക്കാർക്കോ തൊഴിലാളികൾക്കോ ഭീഷണിയല്ലെങ്കിലും, ഈ ആനകൾ ലേലമെടുത്തവർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.