Banner Ads

മറയൂർകാന്തല്ലൂരിൽ കർഷകന് ദുരിതം; വിളവെടുത്ത വെളുത്തുള്ളി കാട്ടാനക്കൂട്ടം നശിപ്പിച്ചു

കാന്തല്ലൂർ: നാലര മാസത്തെ അധ്വാനത്തിനുശേഷം വിളവെടുത്ത കാന്തല്ലൂർ വെളുത്തുള്ളി കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. ഇടുക്കി കാന്തല്ലൂർ ആടിവയലിൽ എം. മനോഹരന്റെ വെളുത്തുള്ളി കൃഷിയാണ് ഞായറാഴ്ച രാത്രിയിൽ കാട്ടാനകൾ നശിപ്പിച്ചത്.

വിൽക്കുന്നതിനായി ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന വെളുത്തുള്ളി ആനകൾ വലിച്ചുചിതറി ചവിട്ടിയരച്ചു. പൂർണമായി ചതഞ്ഞ വെളുത്തുള്ളി ഉപയോഗശൂന്യമായി.ഇതിനു പുറമെ സമീപത്തുള്ള ചന്ദ്രശേഖരന്റെ ഉരുളക്കിഴങ്ങ് കൃഷിയും ആനക്കൂട്ടം നശിപ്പിച്ചു. ഒറ്റ രാത്രികൊണ്ട് കർഷകരുടെ നാലുമാസത്തെ അധ്വാനമാണ് ഇല്ലാതായത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാന്തല്ലൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുത്തുകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരെ കർഷകർ തടഞ്ഞുവെച്ചു. കാട്ടാന ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധിച്ചത്.