
മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട രക്ഷിതാവ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. കാടാമ്പുഴ സ്വദേശിയായ 13-കാരനാണ് മർദനമേറ്റത്. ഇയാളുടെ കാലിനും തോളെല്ലിനും പരിക്കേൽക്കുകയും നിലവിൽ ആശുപത്രിയിൽ ചികിത്സയിലുമാണ്.
സംഭവം നടന്നത് ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വരുന്ന വഴിക്ക് കാടാമ്പുഴ ജാറത്തിങ്കൽ വെച്ചാണ്. സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികളിൽ ഒരാൾ തൻ്റെ അച്ഛനെ വിവരമറിയിച്ചു. ഇതിനു പിന്നാലെ, സക്കീർ എന്ന രക്ഷിതാവ് സ്കൂട്ടിയിലെത്തി 13-കാരനെ മർദിക്കുകയായിരുന്നു. ഈ മർദനത്തിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ കുട്ടി വഴിമാറി ഓടിയെങ്കിലും ഇയാൾ പിന്നാലെ പോയി തല്ലിയെന്ന് പരിക്കേറ്റ വിദ്യാർത്ഥിയുടെ അച്ഛൻ മുഹമ്മദാലി പറഞ്ഞു. നിലവിൽ വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഈ 13-കാരൻ. വിദ്യാർത്ഥിയെ മർദിച്ച കേസിൽ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.