
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഹണി ഭാസ്കറിനെതിരെ കനത്ത സൈബർ ആക്രമണം. ഹണിയുടെ ചിത്രങ്ങളും പോസ്റ്റുകളും ദുരുപയോഗം ചെയ്താണ് ആക്രമണം.
സംഭവത്തിൽ ഹണി ഭാസ്കറിന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. നിലവിൽ ഒമ്പത് പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണ്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് ഹണി ഭാസ്കർ പരാതി നൽകിയത്. ഫെയ്‌സ്‌ബുക്കിൽ ഹണിയുടെ ചിത്രങ്ങൾ അനാവശ്യമായി മറ്റ് പേജുകളിൽ പോസ്റ്റ് ചെയ്യുകയും മോശമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഹണി ഭാസ്കറിന്റെ അന്തസ്സിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
നേരത്തെ, സൈബർ ആക്രമണത്തിൽ ഹണി ഭാസ്കർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. താൻ നേരിടുന്ന അതിഭീകരമായ സൈബർ ആക്രമണത്തെക്കുറിച്ച് അവർ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. “നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിക്കണം” എന്നും അവർ കുറിച്ചു.