ഗാന്ധിനഗർ: ദേവിപ്രീതിക്ക് നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്നു യുവാവ്, അയൽവാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തം ക്ഷേത്രത്തിന്റെ പടികളിൽ തളിക്കുകയായിരുന്നു. ഗുജറാത്തിലെ ഛോട്ടാ ഉദ്ദേപുരിലാണ് സംഭവം നടന്നത്. സംഭവത്തിൽ 42കാരനായ ലാലാഭായ് താഡ്വിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നരബലിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും ദേവിപ്രീതിക്കുമായാണ് പ്രതി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ മുറ്റത്ത് ഒന്നരവയസുകാരനായ സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടിയെ തിങ്കളാഴ്ച രാവിലെ കാണാതാകുന്നത്. ആദ്യം വീട്ടുകാർ ഇത് ശ്രദ്ധിച്ചിരുന്നില്ല.പെൺകുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ് കയ്യിൽ കോടാലിയുമായി യുവാവ് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്.
എതിർക്കാൻ ശ്രമിച്ചെങ്കിലും യുവതിയെ തള്ളിമാറ്റി. പെൺകുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാൽ ഒന്നുചെയ്യാൻ കഴിഞ്ഞില്ലെന്നും എല്ലാവരും നോക്കിനിൽക്കെയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നും പ്രദേശവാസികൾ പറയുന്നു. പ്രതി മനോവൈകല്യമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുട്ടിയുടെ കഴുത്തറുത്ത ശേഷം രക്തം ശേഖരിച്ച് ലാലാഭായ് തന്റെ കുടുംബ ക്ഷേത്രത്തിലെ പടിയിൽ അർപ്പിക്കുകയും തളിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.