
തൃശൂര്‍:ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആഗോള അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണെന്നും ഈ സംഗമത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നല്ല അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയ വാദികള്‍ പറയുന്നത്.
എന്നാൽ, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.