
കണ്ണൂർ : തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ശരണ്യയുടെ സുഹൃത്തും രണ്ടാം പ്രതിയുമായ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കേസിൽ ബുധനാഴ്ച്ച കോടതി വിധി പറയും. 2020 ഫെബ്രുവരി 17നാണ് തയ്യിലെന്ന തീരദേശ ഗ്രാമത്തെ നടുക്കിയ ക്രൂര കൊലപാതകം.
ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന 27കാരി സുഹൃത്തിനൊപ്പം ജീവിക്കാൻ കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു. ശരണ്യയുടെ വസ്ത്രത്തിൽ കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെയും കടൽമണ്ണിന്റെയും അംശമാണ് കേസിൽ നിർണ്ണായകമായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന ശരണ്യയുടെ വാദം പൊളിക്കാൻ ഈ തെളിവ് പ്രോസിക്യൂഷനെ സഹായിച്ചു. രണ്ടാം പ്രതിയായ നിധിനെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.
കുഞ്ഞിനെ ഭർത്താവ് പ്രണവ് തട്ടിക്കൊണ്ടുപോയി കൊന്നതാണെന്ന് വരുത്തിത്തീർക്കാൻ ശരണ്യ ആദ്യം ശ്രമിച്ചിരുന്നു. വിചാരണാ വേളയിൽ കോഴിക്കോട്ടെ ലോഡ്ജിൽ വെച്ച് ഇവർ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 47 സാക്ഷികളെ വിസ്തരിച്ച ശേഷം കോടതി വിധി പ്രസ്താവിച്ചത്.