
ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന ഒരു പുതിയ വിവാദമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. അമേരിക്കയിലേക്ക് അപകടകരമായ ഫംഗസ് കടത്തിയതിന് രണ്ട് ചൈനീസ് ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, അമേരിക്ക വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോവിഡിനേക്കാൾ മോശമായ അവസ്ഥ ഉണ്ടാകുമെന്ന് ഒരു പ്രമുഖ യുഎസ് വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ചൈനീസ് സർവകലാശാലയിലെ ഗവേഷകനായ സുയോംഗ് ലിയു (34), ഇയാളുടെ പെൺസുഹൃത്തും യുഎസിലെ മിഷിഗൺ സർവകലാശാലയിലെ ഗവേഷകയുമായ യുംഗ് കിംഗ് ജിയാൻ (33) എന്നിവരെയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇരുവരും വിമാനമാർഗ്ഗം യു.എസിലേക്ക് കടത്തിയത് ഫുസാറിയം ഗ്രാമിനിയേറം എന്ന പേരിൽ അറിയപ്പെടുന്ന മാരകമായ ഫംഗസാണ്. ഇത് കാർഷിക വിളകൾക്ക് വലിയ നാശനഷ്ടമുണ്ടാക്കുന്ന ഒരു ഫംഗസാണ്. ചോളം, ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യവിളകളെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ് രോഗത്തിന് ഈ ഫംഗസ് കാരണമാകുന്നു. ഈ ഫംഗസ് കാരണം കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ആഗോളതലത്തിൽ ഓരോ വർഷവും ഉണ്ടാകുന്നത്. വിളകളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഫംഗസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. ഫംഗസ് ഉത്പാദിപ്പിക്കുന്ന ടോക്സിനുകൾ മനുഷ്യന്റെ കരളിനെയും പ്രത്യുത്പാദന വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ, ഇത് കാർഷിക മേഖലയെ മാത്രമല്ല, പൊതുജനാരോഗ്യത്തെയും ബാധിക്കാവുന്ന ഗുരുതരമായ വിഷയമാണ്. അഭിഭാഷകനും അമേരിക്കയിലെ ചൈനീസ് കാര്യ നിരീക്ഷകനുമായ ഗോർഡൻ ജി. ചാങ് ആണ് ഈ വിഷയത്തിൽ ഗുരുതരമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. “വിളകൾ നശിപ്പിക്കുന്ന മാരകമായ ഫംഗസുകൾ അമേരിക്കയിലേക്ക് കടത്തിയത് രാജ്യത്തിനെതിരായ യുദ്ധത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക നീങ്ങണം. ഇക്കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കോവിഡിനേക്കാൾ മാരകമായ ഒന്ന് സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ “ചൈനയിലെ ഏറ്റവും ആധികാരികതയുള്ള പ്രസിദ്ധീകരണത്തിൽ 2019 മേയിൽ പുറത്തിറക്കിയ എഡിറ്റോറിയലിൽ യു.എസുമായി ജനകീയ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ വാക്യത്തിന് വളരെ പ്രാധാന്യമുണ്ട്. അവരുടെ കടുത്ത അമേരിക്ക വിരുദ്ധത ആക്രമണത്തിനുള്ള കാരണം സൃഷ്ടിക്കുകയാണെന്ന് ചാങ് പറയുന്നു.
ഈ ദമ്പതികളെ ക്യൂബയിലുള്ള ഗ്വാണ്ടനാമോ തടവറയിലേക്ക് അയക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എപ്പോഴും യുദ്ധം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും, അദ്ദേഹം യുദ്ധത്തിനായി എല്ലാ ചൈനീസ് പൗരന്മാരെയും അണിനിരത്തുകയാണെന്നും ചാങ് ചൂണ്ടിക്കാട്ടുന്നു. “നമ്മൾ ഏറെ ശക്തരാണെങ്കിൽ പോലും നമ്മളെ പരാജയപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.” 2020-ൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയിൽ നിന്ന് ആവശ്യപ്പെടാതെ തന്നെ വിത്തുകൾ ലഭിച്ചിരുന്നു. അത് യു.എസിലേക്ക് ജീവിവർഗ്ഗങ്ങളെ കടത്താനുള്ള ശ്രമമായിരുന്നുവെന്നാണ് കരുതുന്നത്. ഈ വർഷവും, ഓൺലൈൻ ചൈനീസ് റീട്ടെയിലറായ ടിമുവും അമേരിക്കക്കാർക്ക് വിത്തുകൾ അയച്ചിരുന്നു.”ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് ഇത് അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം. ക്രമേണ നമുക്ക് പ്രഹരമേൽക്കും. അത് ചിലപ്പോൾ കോവിഡായിരിക്കില്ല, അതിലും മാരകമായ ഒന്നായിരിക്കും,” ഗോർഡൻ ജി ചാങ് മുന്നറിയിപ്പ് നൽകുന്നു.
“ചൈന ഈസ് ഗോയിംഗ് ടു വാർ” എന്ന പുസ്തകത്തിന്റെ രചയിതാവാണ് ചാങ്. ചൈനയിലും ഹോങ്കോങ്ങിലുമായി ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം കോവിഡ്-19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ഒരു ചൈനീസ് ലാബിൽ വികസിപ്പിച്ചെടുത്തതാണെന്ന ആരോപണം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉയരുന്നത്. ഒരു ഭാഗത്ത് കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സംശയങ്ങൾ, മറുഭാഗത്ത് ജൈവായുധ സാധ്യതയുള്ള ഫംഗസ് കടത്തിയെന്ന ആരോപണം – ഇതെല്ലാം ചൈനീസ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഈ സംഭവങ്ങൾ അമേരിക്കയും ചൈനയും തമ്മിലുള്ള പിരിമുറുക്കം വർദ്ധിപ്പിക്കുകയും ആഗോളതലത്തിൽ കൂടുതൽ ആശങ്കകൾക്ക് വഴിവെക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. മറ്റൊരു കാര്യം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 400നടുത്ത് പുതിയ കോവിഡ് കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തി. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 6133 ആയി ഉയർന്നിരിക്കുകയാണ് . ആറിലധികം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. ഗുജറാത്ത്, ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിലുണ്ട്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിലവിൽ അഞ്ഞൂറിലധികം കേസുകളുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകളുമായി കേരളത്തിൽ കോവിഡ് വ്യാപനം വല്ലാതെ പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 150ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ സജീവ കേസുകൾ 2000ത്തിലേക്ക് കുതിക്കുകയാണ്. ഇത് രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 31% വരും. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, കനത്ത മഴക്കാലം കൂടിയെത്തുന്നതോടെ കേരളം കടുത്ത ആശങ്കയിലാണ്.