Banner Ads

കോൺഗ്രസിനെ കുരുക്കി രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: സസ്പെൻഷൻ നീക്കത്തിന് പിന്നിൽ ഒതുക്കാനുള്ള ശ്രമം

തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തതോടെ വിവാദങ്ങൾ അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഒഴിവാക്കാനാണ് പാർട്ടി തീരുമാനം. രാജി ആവശ്യം സിപിഎമ്മും ശക്തമാക്കില്ലെന്ന് കോൺഗ്രസ് കരുതുന്നു. പാർട്ടി നടപടിക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എം.എൽ.എ. സ്ഥാനം രാജിവെക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സസ്പെൻഷനു പുറമേ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും രാഹുലിന് കോൺഗ്രസ് നിർദേശം നൽകും. രാജി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും നടത്തുന്ന സമരങ്ങൾ അധികനാൾ നീണ്ടുനിൽക്കില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ നേതാക്കൾ പ്രതികരണങ്ങൾ മിതമാക്കും.

കൂടുതൽ പരാതികൾ വന്നാൽ മാത്രമേ പാർട്ടി തലത്തിൽ ഇനി ചർച്ച നടത്തേണ്ടതുള്ളൂ എന്നാണ് നേതാക്കൾക്കിടയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും സംസ്ഥാന സർക്കാരിനെതിരായ സമരങ്ങൾക്കും കോൺഗ്രസ് മുൻഗണന നൽകും. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടിക വിവാദത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. തൃശൂരിലേക്ക് യൂത്ത് കോൺഗ്രസ് നിശ്ചയിച്ചിരുന്ന ലോങ് മാർച്ച് പോലുള്ള പരിപാടികൾ വേഗത്തിൽ നടപ്പാക്കും.