
തിരുവനന്തപുരം : ചാക്കയിൽ രണ്ടു വയസ്സുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 67 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വർക്കല ഇടവ സ്വദേശിയായ ഹസൻകുട്ടിക്കാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2024 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസ്സുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനത്തിനുശേഷം കുട്ടിയെ റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടിൽ അബോധാവസ്ഥയിൽ ഉപേക്ഷിച്ചു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസൻകുട്ടി ആലുവയിലും പിന്നാലെ പഴനിയിലും പോയി രൂപമാറ്റം വരുത്തി ഒളിവിൽ പോവുകയായിരുന്നു. പിന്നീട് കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്.