
തൃശൂർ: കോളജ് വിദ്യാർഥികളുടെ അഴിഞ്ഞാട്ടം സ്വകാര്യ ബസിനുനേരെ ആക്രമണം, യാത്രക്കാർക്ക് പരിക്ക്.ഗുരുവായൂർ പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഫർഹാന ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്.
ബസിന്റെ ഇടതുവശത്തെ ചില്ല് വിദ്യാർഥികൾ തല്ലി തകർത്തു. ഈ ഭാഗത്തിരുന്ന യാത്രക്കാരിയുടെ മുഖത്ത് ചില്ല് തറച്ച് രക്തം വാർന്നൊലിച്ചു. രക്തവും ബഹളവും കണ്ട് പരിഭ്രമിച്ച ഇവർ ബസ്സിൽ നിന്നിറങ്ങി മറ്റൊരു വാഹനത്തിൽ കയറിപ്പോയി. മറ്റൊരു യാത്രക്കാരിയായ കുഴിങ്ങര വേളക്കാട്ട് സിന്ധു ബസ് ഡ്രൈവർ ഷിജു എന്നിവർക്കും പരിക്കേറ്റു.
തൊഴിയൂർ ഐ.സി.എ കോളജിന് സമീപം വൈകിട്ട് 5. 52 നായിരുന്നു ആക്രമണം. സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. എന്നാൽ സ്റ്റോപ്പിൽ നിർത്തിയ സമയത്ത് ഒരു സംഘം വിദ്യാർഥികൾ എത്തി ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ബസ്സിനുള്ളിൽ കയറി സ്ത്രീകൾ അടക്കമുള്ളവരോട് അസഭ്യം പറഞ്ഞതായി യാത്രക്കാർ പറഞ്ഞു. ഈ റൂട്ടിലെ വൈകുന്നേരത്തെ അവസാന ബസ്സാണിത്. സംഭവത്തിൽ ഗുരുവായൂർ പോലീസ് കേസെടുത്തു.