Banner Ads

അതിക്രൂരമായ കവർച്ച: ജോലിക്കെത്തിയ 64 കാരിയുടെ കഴുത്തിൽ കുത്തി സ്വർണമാല കവർന്നു

തൃശൂർ: കൊടുങ്ങല്ലൂരിൽ വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു.പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പനങ്ങാട് സ്വദേശി കരിപ്പാടത്ത് അരവിന്ദാക്ഷൻ്റെ ഭാര്യ ജയ (64)ക്കാണ് കുത്തേറ്റത്.

ജയയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവൻ്റെ സ്വർണ്ണമാലയാണ് അക്രമി പൊട്ടിച്ചെടുത്തിട്ടുള്ളത്. സംഭവത്തിൽ മോഷ്ടാവ് പിടിയിലായതായാണ് സൂചന. അന്വേഷണത്തിനിടെ വലപ്പാട് ഭാഗത്ത് നിന്നുമാണ് ഇയാൾ പൊലീസ് പിടിയിലായതെന്നാണ് വിവരം.

ഇയാളെ മതിലകം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. എസ്.എൻ പുരത്ത് തയ്യിൽ വിശ്വനാഥൻ എന്ന ആളുടെ വീട്ടിലാണ് സംഭവം. വീട്ടു ജോലിക്കെത്തിയ ജയ ജോലി ചെയ്തുകൊണ്ടിരിക്കെ പിന്നിലൂടെ വന്ന പ്രതി അക്രമം നടത്തുകയായിരുന്നു.

ജയക്ക് അഞ്ചോളം കുത്തേറ്റതായാണ് വിവരം. ഇതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. പരിക്കേറ്റ ജയയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. പള്ളിനട സാന്ത്വനം ആംബുലൻസ് പ്രവർത്തകർ ആണ് പരിക്കേറ്റ ജയയെ ആശുപത്രിയിൽ എത്തിച്ചത്.