
ആലപ്പുഴ:ആലപ്പുഴയിൽ നടക്കുന്ന സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം, ബിജെപിയുടെ വളർച്ചയെക്കുറിച്ചുള്ള നിർണ്ണായക വിലയിരുത്തലുകൾ മുന്നോട്ട് വെക്കുന്നു. ബിജെപിയുടെ വളർച്ച പ്രതീക്ഷിച്ചതിനും അപ്പുറമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇതിനെ നേരിടാൻ, വിശാല ഇടതുപക്ഷ ഐക്യം രൂപീകരിക്കേണ്ടത് ഒരു തന്ത്രപരമായ അനിവാര്യതയാണെന്നും പ്രമേയം പറയുന്നു.
ബിജെപി അധികാരം ഉപയോഗിച്ച് എല്ലാ മേഖലകളിലേക്കും കടന്നുകയറുന്നു. അതിനാൽ തെരഞ്ഞെടുപ്പുകളെ കേവലം ഒരു കാലയളവിലെ പ്രവർത്തനമായി കാണരുത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതീകാത്മകമായ സമീപനങ്ങൾ ഒഴിവാക്കണമെന്നും പ്രമേയം നിർദേശിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളെ ജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള അവസരമായി കാണണം.
റിപ്പോർട്ടിൽ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും നിർദേശങ്ങളുണ്ട്. നേതൃതലത്തിൽ പുതിയ തലമുറ വളർന്നുവരണം. സിപിഐക്ക് രൂപത്തിൽ മാത്രമല്ല, ഉള്ളടക്കത്തിലും സ്വയം നവീകരണം ആവശ്യമാണ്. യുവ കമ്യൂണിസ്റ്റുകൾക്ക് വഴികാട്ടിയാകേണ്ടത് സിപിഐ തന്നെയാണെന്നും പ്രമേയം വിലയിരുത്തുന്നു.അവസരവാദപരമായ മുന്നണി ബന്ധങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യില്ല.
തിരഞ്ഞെടുപ്പ് വിജയത്തിന് മാത്രമായി ഐക്യം ഉണ്ടാക്കരുതെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ ആരംഭിച്ചു. രാവിലെ 11 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്നലെ ആരംഭിച്ച ദീപശിഖാ പ്രയാണം, സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി. വൈകുന്നേരം അഞ്ചിന് നടക്കുന്ന ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും