Banner Ads

ബിജെപി മുന്നറിയിപ്പ്: സ്കൂൾ സമയമാറ്റത്തിൽ മതസമ്മർദ്ദത്തിന് വഴങ്ങിയാൽ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം:കേരളത്തിലെ സ്കൂൾ സമയമാറ്റ വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാക്കി. മതസംഘടനകളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്നും, സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബിജെപി അറിയിച്ചു.

ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം അധിക സമയം ഏർപ്പെടുത്തുകയും ചില ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കുകയും ചെയ്തതിനെതിരെ ചില മുസ്ലീം സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇത് മദ്രസാ പഠനത്തെ ബാധിക്കുമെന്നാണ് അവരുടെ വാദം.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂൾ സമയമാറ്റത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും, മതപരമായ പരിഗണനകൾക്ക് അനുസരിച്ച് ഇത്തരം തീരുമാനങ്ങൾ മാറ്റാനാകില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, വിഷയത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്താൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.ബിജെപി ഈ വിഷയത്തിൽ സർക്കാരിന് പിന്തുണ നൽകുകയും, മതസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനത്തിൽ മാറ്റം വരുത്തരുതെന്നും ആവശ്യപ്പെടുന്നു.

വിദ്യാഭ്യാസപരമായ തീരുമാനങ്ങൾ അക്കാദമിക് ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം, മതപരമായ താല്പര്യങ്ങൾക്കനുസരിച്ചാകരുത് എന്നതാണ് ബിജെപിയുടെ നിലപാട്. സർക്കാർ നിലപാട് മാറ്റിയാൽ അത് രാഷ്ട്രീയ പ്രശ്നമായി മാറാൻ സാധ്യതയുണ്ട്.