
ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ രണ്ട് ജില്ലകളിൽ മത്സ്യവും മാംസവും മുട്ടയും വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി. മൈഹാർ, ഉമറിയ എന്നീ ജില്ലകളിലാണ് ഈ തീരുമാനം.
മൈഹാർ ഒരു ക്ഷേത്രനഗരമായതുകൊണ്ട് നവരാത്രി കാലത്ത് ലക്ഷക്കണക്കിന് ഭക്തർ മാ ഷാർദാ ക്ഷേത്രം സന്ദർശിക്കാറുണ്ട്. അതുകൊണ്ടാണ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ മത്സ്യ-മാംസ വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തിയതെന്ന് മൈഹാർ എസ്ഡിഎം ദിവ്യ പട്ടേൽ പറഞ്ഞു.
ഉമറിയ എസ്ഡിഎം കംലേഷ് നീരജ് പറയുന്നത്, വിവിധ സമുദായങ്ങളിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നാണ്. അതേസമയം, മൈഹാറിൽ മാംസാഹാരത്തിന് നിരോധനമേർപ്പെടുത്തുന്നത് ആദ്യമായല്ല. ഈ വർഷം മാർച്ചിൽ നടന്ന ചൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ചും സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, ഭോപ്പാലിലും ഇൻഡോറിലും രാമനവമി, മഹാവീർ ജയന്തി തുടങ്ങിയ ആഘോഷവേളകളിൽ മാംസ വിൽപനയ്ക്ക് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.