
തിരുവനന്തപുരം : ശബരിമലയിലെ അയ്യപ്പൻ്റെ സ്വർണ്ണം കവർന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ഗുരുതര പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്വർണ്ണം മോഷണം പോയ വിവരം 2022-ൽ തന്നെ അധികൃതർക്ക് അറിയാമായിരുന്നിട്ടും ഒളിച്ചുവെച്ചു.
ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിഷയം പുറംലോകം അറിഞ്ഞതെന്നും സതീശൻ കുറ്റപ്പെടുത്തി.കള്ളക്കച്ചവടത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനും പങ്കുണ്ട്. ഈ വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല, സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്.സ്വർണ്ണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും, കവർച്ച നടത്തിയ അതേ സ്പോൺസറെ തന്നെയാണ് വീണ്ടും അറ്റകുറ്റപ്പണിക്ക് ഏൽപ്പിച്ചത്.
നോട്ടീസ് നൽകിയ ദിവസം പോലും സഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകിയില്ല. മന്ത്രിമാരുടെ മറുപടികൾ വിചിത്രമാണ്.വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.അപകീർത്തികരമായ ഈ സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.