
എറണാകുളം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന സർക്കാർ ഉത്തരവ് ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ അവഗണിക്കുന്നതായി കണ്ടെത്തൽ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ അമൃത്’ എന്ന പദ്ധതി നിർജീവമാണെന്ന് ഇത് തെളിയിക്കുന്നു.
സെഫാലെക്ട്രിൻ, സെഫ്റ്റം, ലിനോക്സ്, ഓണ്മെന്റ്റിൻ, ഫെക്സിൻ, അസിത്രോമൈസിൻ, അസിത്രാൾ, മോക്സിഫ്ലോക്സാസിൻ, ഡോക്സിസൈക്ലിൻ, സിപ്രോഫ്ലോക്ലാസിൻ, ക്ലാരിത്രോമൈസിൻ, ലിനെസോളിഡ്, ടെട്രാസൈക്ലിൻ തുടങ്ങിയ മരുന്നുകൾ എറണാകുളം നഗരത്തിലെ മിക്ക മെഡിക്കൽ ഷോപ്പുകളിലും കുറിപ്പടിയില്ലാതെ ലഭിക്കും. പണമുണ്ടെങ്കിൽ ആർക്കും മരുന്ന് വാങ്ങിക്കൊണ്ടുപോകാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഈ വർഷം അവസാനത്തോടെ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം പൂർണ്ണമായി നിർത്തലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഡ്രഗ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ അമൃത്’ പദ്ധതിക്ക് രൂപം നൽകിയെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്.
ഡോക്ടർമാർ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആന്റിബയോട്ടിക്കുകൾ നിർദേശിക്കണം, മെഡിക്കൽ ഷോപ്പുകൾ മരുന്ന് വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കണം, കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കില്ലെന്ന പോസ്റ്റർ പ്രദർശിപ്പിക്കണം, മരുന്നുകൾ നീല കവറിൽ നൽകണം തുടങ്ങിയ നിർദേശങ്ങളെല്ലാം കടലാസിൽ ഒതുങ്ങുകയാണ്. പല മെഡിക്കൽ ഷോപ്പുകളിലും മതിയായ പരിശീലനം ലഭിച്ച ഫാർമസിസ്റ്റുകൾ ഇല്ലെന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.
തുടർച്ചയായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് രോഗാണുക്കളെ മരുന്നിനെ പ്രതിരോധിക്കാൻ കഴിവുള്ളവയാക്കി മാറ്റും. ‘ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്’ (AMR) എന്ന ഈ അവസ്ഥ ഒഴിവാക്കാനാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രതിവർഷം 15,000 കോടി രൂപയുടെ മരുന്നുകളാണ് കേരളത്തിൽ വിൽക്കുന്നത്.