Banner Ads

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട് ആംബുലൻസ്; ചുവപ്പ് സിഗ്‌നൽ മറികടന്നെത്തി, ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു : ചുവപ്പ് സിഗ്‌നൽ മറികടന്ന് അമിത വേഗത്തിൽ കുതിച്ചെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് കയറി അപകടം. അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് മരിച്ചത്. മൂന്ന് ബൈക്കുകളിൽ ഇടിച്ച ശേഷമാണ് ആംബുലൻസ് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് മേൽ പാഞ്ഞു കയറിയത്.

ഇതിലൊരു ബൈക്ക് കുറച്ച് മീറ്ററുകളോളം ആംബുലൻസ് മുന്നോട്ട് വലിച്ചിഴച്ചു കൊണ്ടുപോയി. ഇന്നലെ (ശനിയാഴ്ച) രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ദമ്പതികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ഔട്ട്‌പോസ്റ്റിൽ ഇടിച്ചു മറിഞ്ഞാണ് ആംബുലൻസ് നിന്നത്. ആംബുലൻസ് ഡ്രൈവറായ അശോകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.