
തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എം.പി.ക്കെതിരെ കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ തീരുമാനമായി. പരാതി ഫയലിൽ സ്വീകരിച്ചതായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു.കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപനാണ് പരാതി നൽകിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധമാണെന്നാണ് പ്രധാന ആരോപണം.തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന നൽകി തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിൽ വോട്ട് ചേർത്തുവെന്ന് പരാതിയിൽ പറയുന്നു.ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു ബൂത്തിൽ വോട്ട് ചേർക്കുന്നതിന് ആ വ്യക്തി അവിടെ സ്ഥിരതാമസക്കാരനായിരിക്കണം.
എന്നാൽ, സുരേഷ് ഗോപിയും കുടുംബവും പതിറ്റാണ്ടുകളായി തിരുവനന്തപുരത്ത് ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടിലാണ് താമസിക്കുന്നത്. കേന്ദ്രമന്ത്രിയായതിന് ശേഷവും തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ടർപട്ടികയിൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരുകൾ തുടരുന്നത് ഇതിന് തെളിവാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എ.സി.പി.ക്കാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. വിഷയത്തിൽ പോലീസ് നിയമോപദേശം തേടുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.