
കണ്ണൂർ : കണ്ണൂർ-വയനാട് റോഡിലെ പേരിയ-നെടുംപൊയിൽ ചുരത്തിൽ കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് 28-ാം മൈൽ സെമിനാരി വില്ലക്ക് സമീപത്ത് വെച്ച് അപകടമുണ്ടായത്. അപകടത്തിൽ ട്രാവലറിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ട്രാവലറും കൂട്ടിയിടിച്ചതാണ് അപകട കാരണം. ഇടിയെത്തുടർന്ന് ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
കൊട്ടിയൂര്‍- പാൽചുരം റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ നെടുംപൊയിൽ ചുരത്തിൽ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ തിരക്കിനിടെയാണ് അപകടമുണ്ടായത്.