
കണ്ണൂർ : ഇരുനില വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് ദൈവത്തെപ്പോലെ തുണയായി കൂടെയുണ്ടായിരുന്ന സുഹൃത്ത്. പാനൂരിനടുത്ത് തൂവ്വക്കുന്ന് കല്ലുമ്മൽ പള്ളിക്ക് സമീപത്തെ വലിയ പീടികയിൽ ഷൗക്കത്തിന്റെ ഇരുനില വീടിന്റെ ഓട് മാറ്റുന്നതിനിടയിലായിരുന്നു അപകടം.
വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളി ചന്ദ്രി മേൽക്കൂരയിൽ ജോലി ചെയ്യുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം താഴെ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ഓടുകൾ ശേഖരിച്ച് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു ചന്ദ്രിയുടെ സുഹൃത്തും അയൽവാസിയുമായ രഞ്ചിഷ്. മുകളിൽ നിന്ന് ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ചിഷ് ഒട്ടും സമയം കളയാതെ കാത്തുനിന്നു.
ചന്ദ്രി നിലംപതിക്കുന്നതിന് തൊട്ടുമുൻപ് വായുവിൽ വെച്ച് രഞ്ചിഷ് ഇയാളെ രണ്ട് കൈകൾ കൊണ്ടും കോരിപ്പിടിക്കുകയായിരുന്നു. രഞ്ചിഷിന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ജീവനപായത്തിൽ നിന്നാണ് ചന്ദ്രി രക്ഷപെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ ചെറിയ പരിക്കുകൾ മാത്രമാണ് ചന്ദ്രിക്കുള്ളത്.