
കോട്ടയം:മുണ്ടക്കയത്ത് ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ തീയിട്ടു എന്നു കരുതുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്‌പദമായി കണ്ട ആളെ പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശി അല്ലാത്തതും കുറച്ചു ദിവസങ്ങളായി ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുമായ ആളാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
കോസ് വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തിൽ രണ്ടാം നിലയിൽ ആണ് ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് കെട്ടുകൾ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക്കുകളിൽ തീ ആളിപ്പടർന്നതിനാൽ വലിയ പുക പ്രദേശത്ത് വ്യാപിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് ശേഖരണത്തിൻ്റെ പകുതിയോളം കത്തി നശിച്ചതൊഴിച്ചാൽ മറ്റ് അപകടങ്ങളില്ല.