Banner Ads

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാലംഗ സംഘം

തിരുവനന്തപുരം:ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസിനെ ആക്രമിക്കുകയും എഎസ്‌ഐ ജിഹാനെ ചവിട്ടി വീഴ്ത്തുകയും ചെയ്ത ശേഷമാണ് സംഘം പിടിയിലായത്.

മംഗലപുരം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വിഷ്ണുവും കൂട്ടാളികളുമാണ് രാത്രിയോടെ വെള്ള നിറത്തിലുള്ള ഫോക്സ‌്വാഗൺ കാറിൽ ആശുപത്രിയിലെത്തിയത്. ഇവർ ആശുപത്രിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എഎസ്‌ഐ ജിഹാൻ അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രതികളെ പിടികൂടുന്നതിനിടെയാണ് എഎസ്‌ഐയെ സംഘം ചവിട്ടി താഴെയിട്ടത്.

തുടർന്ന് പോലീസ് മൂന്നുപേരെ പിടികൂടി. ഇവരുടെ കാറിൽ നടത്തിയ പരിശോധനയിൽ വെട്ടുകത്തി, വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.