
നങ്കായ് ട്രൗവിൽ അടുത്ത 30 വർഷത്തിനുള്ളിൽ ഒരു വൻ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത 75% മുതൽ 82% വരെ വർദ്ധിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജപ്പാൻ സർക്കാർ വിപുലമായ മുൻകരുതൽ നടപടികളിലേക്ക് കടക്കുന്നു. ഇത് ഏകദേശം 3 ലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
ലോകത്ത് ഏറ്റവുമധികം ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ജപ്പാൻ.എന്നാൽ ഇത്തരത്തിൽ ഒരു വൻ ഭൂകമ്പവും തുടർന്നുണ്ടാകുന്ന സുനാമിയും 298,000 ആളുകളുടെ ജീവൻ അപഹരിക്കാനും, 2 ട്രില്യൺ ഡോളർ വരെ നാശനഷ്ടങ്ങൾ വരുത്താനും സാധ്യതയുണ്ടെന്ന് സർക്കാർ മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2014-ൽ ജപ്പാന്റെ കേന്ദ്ര ദുരന്ത നിവാരണ കൗൺസിൽ മരണനിരക്ക് 80% കുറയ്ക്കുന്നതിനായി ഒരു പ്രത്യേക പദ്ധതി ശുപാർശ ചെയ്തിരുന്നു.എന്നാൽ നിലവിലുള്ള നടപടികൾ മരണസംഖ്യ 20% മാത്രമേ കുറയ്ക്കൂ എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സർക്കാർ പുതിയ തയ്യാറെടുപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
ഈ പദ്ധതിയിൽ ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള കെട്ടിടങ്ങൾ മുതൽ മോക്ക് ഡ്രില്ലുകൾ വരെ ഉൾപ്പെടുന്നു. പരമാവധി ജീവൻ രക്ഷിക്കുന്നതിന് സർക്കാരിനൊപ്പം മുനിസിപ്പാലിറ്റികൾ, കമ്പനികൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ എന്നിവയെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ആവശ്യപ്പെട്ടു.
എന്നാൽ കഴിഞ്ഞ 1,400 വർഷത്തിനിടെ, നങ്കായ് ട്രൗവിൽ ഓരോ 100 മുതൽ 200 വർഷം കൂടുമ്പോഴും വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അവസാനത്തേത് 1946-ലായിരുന്നു. വൻ ഭൂകമ്പം വരാൻ പോകുന്നു എന്ന സോഷ്യൽ മീഡിയ വാർത്തകളുടെ അടിസ്ഥാനത്തിൽ ജപ്പാനിലേക്കുള്ള പല വിനോദസഞ്ചാരികളും യാത്രകൾ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി ഒരു വലിയ ദുരന്തം ഉണ്ടാകുമെന്ന പ്രവചനവും ഇതിന് ആക്കം കൂട്ടി.
ഹോങ്കോംഗ് ആസ്ഥാനമായുള്ള ഗ്രേറ്റർ ബേ എയർലൈൻസ് ജപ്പാനിലേക്കുള്ള വിമാന സർവീസുകൾ കുറച്ചതായി ടൂറിസം ഉദ്യോഗസ്ഥർ എ.എഫ്.പി യോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഹോങ്കോങ്ങിൽ നിന്ന് ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
ഇതിനൊക്കെ ഒരു പരിധി വരെ കാരണം 2011-ൽ ജപ്പാനിൽ വലിയൊരു ഭൂചലനം അനുഭവപ്പെട്ടിരുന്നു എന്നത് കൊണ്ടാണ് . അന്ന് പതിനയ്യായിരത്തിലധികം പേർ മരിക്കുകയും, വെള്ളപ്പൊക്കത്തിൽ ഫുകുഷിമ പവർ പ്ലാന്റിലെ മൂന്ന് ആണവ റിയാക്ടറുകളിൽ ചോർച്ചയുണ്ടാകുകയും ചെയ്തു. എന്നാൽ നങ്കായ് ട്രെഞ്ചിൽ വരാനിരിക്കുന്ന ഭൂകമ്പം ഇതിനേക്കാൾ വിനാശകരമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ജപ്പാന്റെ ഈ മുൻകരുതൽ നടപടികൾക്ക് ലോകം ഉറ്റുനോക്കുകയാണ്.