
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (CMS-03) ഇന്ന് വിക്ഷേപിക്കും. നാവികസേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹമാണിത്. ഇന്ന് വൈകീട്ട് 5.26ന് സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് പറന്ന് ഉയരും.
ഏകദേശം 4,410 കിലോഗ്രാം ഭാരമുണ്ട്. ഇത് ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) ആണ് വിക്ഷേപിക്കുക. ബാഹുബലി എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം3 റോക്കറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായകമായ വാർത്താ വിനിമയ സൗകര്യങ്ങൾ നാവികസേനയ്ക്ക് നൽകുക എന്നതാണ് ദൗത്യ ലക്ഷ്യം. 4,000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ കുറഞ്ഞ ചെലവിൽ ജിടിഒയിലേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള ഐഎസ്ആർഒയുടെ പുതിയ ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണിത്.
റോക്കറ്റിന് 43.5 മീറ്റർ ഉയരമുണ്ട്. എൽവിഎം-3 റോക്കറ്റിൻ്റെ അഞ്ചാമത്തെ ദൗത്യമാണിത്. ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (GSLV Mk III) എന്നും ഇത് അറിയപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.