
പാലക്കാട്: ഒരു മാസത്തിലേറെയായി വിവാദങ്ങളിൽ ഒതുങ്ങിയതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് തിരിച്ചെത്തി. ഓഗസ്റ്റ് 20-ന് തനിക്കെതിരെ ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് പൊതുവേദികളിൽ നിന്നും മണ്ഡലത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവ്യറിൻ്റെ സഹോദരൻ മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സന്ദർശിക്കാനാണ് രാഹുൽ പാലക്കാടെത്തിയത്.
അതേസമയം, രാഹുൽ മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. രാഹുലിനെ സംരക്ഷിക്കണമെന്നാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് പാർട്ടിയുടെ പ്രതിച്ഛായക്ക് ദോഷകരമാകുമെന്ന് ജില്ലാ നേതൃത്വം കരുതുന്നു. ലൈംഗികാരോപണത്തിന് ശേഷം എംഎൽഎ ആദ്യമായാണ് മണ്ഡലത്തിൽ എത്തുന്നത്. നിയമസഭയിൽ ആദ്യ ദിവസം പങ്കെടുത്ത രാഹുൽ, മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.