കോതമംഗലം;വന്യമൃഗങ്ങൾക്ക് ദാഹമകറ്റാൻ കുളം നിർമിച്ച് ഒരുകൂട്ടം വനപാലകർ. നേര്യമംഗലം റെയ്ഞ്ചിലെ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് കുടിനീരൊരുക്കാൻ രംഗത്തെത്തിയത്.
ഇഞ്ചത്തൊട്ടി വനമേഖല വേനലിന്റെ കടുത്ത പ്രതിസന്ധിയിലാണ്. കുളങ്ങളും നീർച്ചാലുകളുമെല്ലാം വറ്റിവരണ്ടു.കാട്ടാനകളും മ്ലാവുകളും അടക്കമുള്ള മൃഗങ്ങൾ വെള്ളംതേടി ജനവാസമേഖലയ്‌ക്കുസമീപം എത്തുകയാണ്. വന്യമൃഗശല്യം തടയാൻ സൗരോർജവേലി നിർമിച്ചതോടെ ഇവറ്റകൾ പെരിയാർ നദിയിലേക്ക് കടന്നുപോകാൻ ഒരു കിലോമീറ്ററോളം തടസ്സം നേരിട്ടു. ഈ സാഹചര്യത്തിലാണ് വനപാലകർ രംഗത്തെത്തിയത്. വനമേഖലയിൽ എട്ട് മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും ഒരുമീറ്റർ ആഴത്തിലും മണ്ണ് നീക്കി കുളം കുഴിച്ച് അതിനുള്ളിൽ സിൽപോളിൻ പടുത വിരിച്ച് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് നിറയ്‌ക്കുകയാണ് ചെയ്തത്. 50,000 ലിറ്ററോളം വരുന്ന ജലസ്രോതസ്സാണ് കൃത്രിമമായി നിർമിച്ചത്.
ആന ഉൾപ്പെടെ നിരവധി വന്യമൃഗങ്ങൾ കുളത്തിൽ വന്ന് വെള്ളം കുടിച്ച് ദാഹം അകറ്റുന്നുണ്ട്.വനാന്തരത്തിൽ ആനത്താരകൾ അടയുമ്പോഴാണ് കാട്ടാനകൾ പലപ്പോഴും കൂട്ടംതെറ്റി വെള്ളം കുടിക്കാൻ ജനവാസമേഖലയിലെത്തുന്നത്. കുളം കുഴിച്ചതോടെ ഈ മേഖലയിൽ കാട്ടാനകൾ പൊതുവെ ശാന്തരാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി ജി സന്തോഷ്, ജീവനക്കാരായ ടി എ ഷാജി, സി കെ അജയൻ, ദിലിപ്കുമാർ, കെ നിധിഷ്,സജീഷ് രാജ്, ഫൈസൽ അജീദ്, ഇ ജെ ജോസഫ്, എസ് സതീഷ്, കെ അനിൽ തുടങ്ങിയവരാണ് കുളം നിർമിച്ചത്.