Banner Ads

ലോകത്തെ ഏറ്റവും ഉയരമേറിയ ചെനാബ് റെയിൽ പാലം ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിനു സമർപ്പിക്കും

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിനു സമർപ്പിക്കും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലമാണ് ചെനാബിൽ രാജ്യത്തിനായി സമർപ്പിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത എഞ്ചിനീയറിങ് വിസ്മയത്തിലൂടെ ഇനി ട്രെയിനുകൾ കൂകിപായാൻ പോകുന്നത്.

കശ്‌മീരിലെ കത്ര-ശ്രീനഗർ വന്ദേ ഭാരതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.ലോക പ്രശസ്‌തമായ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലാണ് ചെനാബ് റെയിൽ പാലത്തിനുള്ളത്.1315 മീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മീറ്റർ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്കു കുറുകെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

650 മീറ്റർ നീളമുള്ള വയഡക്‌ട് ഉൾപ്പെടെ പാലത്തിൻ്റെ ആകെ നീളം 1315 മീറ്റർ ആണ്.ആകെ 119 കിലോമീറ്റർ നീളമുള്ള 36 തുരങ്കങ്ങളും ഏകദേശം 1,000 പാലങ്ങളും ഇതിൽ ഉൾപ്പെടുന്നു. 110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് .

മഞ്ഞു മൂടിക്കിടക്കുന്ന ചെനാബ് റെയിൽ പാലത്തിലൂടെയുള്ള യാത്ര ഏതു സഞ്ചാരിയെയും ആകർഷിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കൂടുതൽ സഞ്ചാരികൾ കശ്മീരിലേക്ക് എത്തുമെന്നും അതിലൂടെ ടൂറിസം മേഖലയിൽ വീണ്ടും ഉണർവ്വ് സൃഷ്ടിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.