കണ്ണൂർ : ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ അകപ്പെട്ട യുവതിക്ക് രക്ഷകരായി എത്തി കണ്ണൂർ റെയില്‍വേ പോലീസ്. വെള്ളിയാഴ്ച വൈകിട്ട് 6.40-ന് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. ട്രെയിൻ മാറിക്കയറിയതിനാൽ വേഗത്തില്‍ ഇറങ്ങിയപ്പോഴാണ് വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ യുവതി വീണത്. ഇതുകണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസാണ് യുവതിയെ രക്ഷിച്ചത്.
എറണാകുളത്തേക്ക് യാത്ര പോവാൻ ഇരുന്ന യുവതി മംഗളൂരുഭാഗത്തേക്ക് പോകുന്ന പരശുറാം എക്‌സപ്രസില്‍ മാറിക്കയറുകയായിരുന്നു. തുടർന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് വണ്ടി മാറി കേറിയത് അറിഞ്ഞത്. പെട്ടെന്ന് ചാടി ഇറങ്ങുന്നതിനിടെയാണ് പിടിവിട്ട് യുവതി വീണത്. റെയില്‍വേ സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ. സുധീഷ്‌കുമാറും സിവില്‍ പോലീസ് ഓഫീസർ പി.വി. റെനീഷുമാണ് യുവതിയെ രക്ഷിച്ചത്.