ഡൽഹി: എയർ കാനഡ ഫ്‌ളൈറ്റ് നമ്ബർ എസി 051ല്‍ കാനഡയിലേക്ക് പോകാനിരുന്ന യാത്രക്കാരനാണ് പിടിയിലായത്. അന്വേഷണത്തില്‍, ക്രീം നിറമുള്ള തുണിയില്‍ പൊതിഞ്ഞ മുതലക്കുഞ്ഞിന്‍റെ തലയോട്ടി യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കണ്ടെടുത്തു.തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 3 ല്‍ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയം തോന്നി യാത്രക്കാരനെ തടയുകയായിരുന്നു.
തലയോട്ടിക്ക് മൂർച്ചയുള്ള പല്ലുകളും താടിയെല്ല് പോലുള്ള ഘടനയും ഉണ്ടായിരുന്നു. തലയോട്ടിക്ക് ഏകദേശം 777 ഗ്രാം ഭാരമുണ്ട്. 1962 ലെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 104 പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമവും 1962 ലെ കസ്റ്റംസ് നിയമവും ലംഘിച്ചതായും ഇയാള്‍ക്കെതിരെ കസ്റ്റംസ് നിയമത്തിലെ 132, 133, 135, 135A, 136 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.വനം-വന്യജീവി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇത് ഒരു കുഞ്ഞൻ മുതലയുടെ തലയോട്ടിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും, മുതലയുടെ കൃത്യമായ ഇനം കണ്ടെത്തുന്നതിന്, ഡെറാഡൂണിലെ വൈല്‍ഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്ക് ഇത് അയയ്ക്കും. 32കാരനായ യാത്രക്കാരന് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്നതില്‍ വ്യക്തതയില്ല.