Banner Ads

വിന്റർ ഷെഡ്യൂൾ പ്രവാസിക്ക് തിരിച്ചടി; കണ്ണൂരിൽ നിന്ന് കുവൈത്ത്, ജിദ്ദ റൂട്ടുകൾ നിർത്തലാക്കി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വൻതോതിൽ വെട്ടിക്കുറച്ചു. സമ്മർ ഷെഡ്യൂളിനെ അപേക്ഷിച്ച് വിന്റർ ഷെഡ്യൂളിൽ എത്തുമ്പോൾ പ്രതിവാരം 42 സർവീസ് കുറയും. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും കുറച്ചിട്ടുണ്ട്.

നവംബർ ഒന്നു മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും. കണ്ണൂരിൽ നിന്ന് ആറു വർഷത്തോളമായി നടത്തിവന്നിരുന്ന പല പ്രധാന റൂട്ടുകളിലേക്കുമുള്ള നേരിട്ടുള്ള വിമാനങ്ങൾ പൂർണമായി നിർത്തലാക്കി. കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്‌റൈൻ, ജിദ്ദ, ദമാം റൂട്ടികളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഉണ്ടാകില്ല.

സമ്മർ ഷെഡ്യൂളിൽ ഉണ്ടായിരുന്ന കുവൈത്ത് (ആഴ്ചയിൽ 2), ബഹ്‌റൈൻ (ആഴ്ചയിൽ 2), ജിദ്ദ (ആഴ്ചയിൽ 2), ദമ്മാം (ആഴ്ചയിൽ 3)– ഇവ പൂർണമായും നിർത്തി. ഷാർജ റൂട്ടിൽ ആഴ്ചയിൽ 12 ഫ്ലൈറ്റുകളിൽ നിന്ന് 7 ആക്കി കുറച്ചു. മസ്കത്ത് റൂട്ടിൽ ആഴ്ചയിൽ 7 ഫ്ലൈറ്റുകളിൽ നിന്ന് 4 ആക്കി കുറച്ചു. ദുബായ്, റാസൽഖൈമ റൂട്ടിൽ ആഴ്ചയിൽ ഓരോ ഫ്ലൈറ്റുകൾ വീതം കുറച്ചു.

വിന്റർ ഷെഡ്യൂളിൽ കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇല്ലാത്ത അവസ്ഥയാകും. സമ്മർ ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന് അന്താരാഷ്ട്ര റൂട്ടുകളിൽ ആഴ്ചയിൽ 96 സർവീസുകൾ ഉണ്ടായിരുന്നത് വിന്റർ ഷെഡ്യൂളിൽ 54 ആയി കുറയും.

നിർത്തലാക്കിയ എല്ലാ റൂട്ടുകളിലും നല്ല രീതിയിൽ യാത്രക്കാരുണ്ടായിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കണ്ണൂരിൽ രാജ്യാന്തര യാത്രക്കാർ മാത്രം ഒരു ലക്ഷത്തിന് മുകളിലായിരുന്നു. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വെട്ടിച്ചുരുക്കിയ സർവീസുകൾ മംഗലാപുരം, ലഖ്‌നൗ, ജയ്‌പുർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും.