Banner Ads

വിശ്വാസം വരുമോ? സോണിയ ഗാന്ധി താമര ചിഹ്നത്തിൽ മത്സരിക്കുന്നു; മൂന്നാർ പഞ്ചായത്തിലെ കാഴ്ച.

ഇടുക്കി:കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ, മൂന്നാർ പഞ്ചായത്തിലെ ഒരു ബിജെപി സ്ഥാനാർത്ഥിയുടെ പേര് കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. ആ സ്ഥാനാർത്ഥി മറ്റാരുമല്ല, സോണിയ ഗാന്ധിയാണ്! ഈ സ്ഥാനാർത്ഥിയുടെ പേര് പോലെ തന്നെ, അതിന് പിന്നിലെ കഥയും ഏറെ കൗതുകമുണർത്തുന്നതാണ്.

നല്ലതണ്ണി കല്ലാറിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു സോണിയയുടെ പിതാവ്, പരേതനായ ദുരെ രാജ്. കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയോടുള്ള കടുത്ത ആരാധന കാരണം, തനിക്ക് ജനിച്ച മകൾക്ക് അദ്ദേഹം തന്റെ ആരാധ്യ നേതാവിന്റെ പേര് നൽകുകയായിരുന്നു.പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് ആദ്യം കോൺഗ്രസ് പക്ഷത്തായിരുന്നെങ്കിലും, വിവാഹശേഷം സോണിയയുടെ രാഷ്ട്രീയ നിലപാടുകൾ മാറി.

സോണിയയുടെ ഭർത്താവ് സുഭാഷ് സജീവ ബിജെപി പ്രവർത്തകനാണ്. നിലവിൽ അദ്ദേഹം പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.ഭർത്താവിന്റെ രാഷ്ട്രീയ പാത പിന്തുടർന്ന് സോണിയാ ഗാന്ധിയും ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്ന് മത്സരിക്കുകയാണ്. ഒരു ഒന്നര വർഷം മുമ്പ് പഴയ മൂന്നാർ മൂലക്കട വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സുഭാഷും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.