
ന്യൂഡൽഹി : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ പുതിയ തീരുവകൾ ചുമത്തിയതിനിടയിലും റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് അവർ അറിയിച്ചു.
“നമ്മുടെ ആവശ്യങ്ങൾ, വില, വിതരണ സാധ്യതകൾ എന്നിവ പരിഗണിച്ചാണ് ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യത്തിനും ഊർജ്ജ സുരക്ഷയ്ക്കും അസംസ്കൃത എണ്ണയുടെ ലഭ്യത നിർണായകമാണ്. കുറഞ്ഞ വിലയിൽ സ്ഥിരമായി എണ്ണ ലഭ്യമാകുന്നിടത്തു നിന്ന് ഞങ്ങൾ അത് വാങ്ങും,” ധനമന്ത്രി പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തിയാണ് റഷ്യയുമായി എണ്ണക്കരാറുകളിൽ ഏർപ്പെടുന്നത്. യുഎസ് താരിഫ് ബാധിച്ച കയറ്റുമതിക്കാർക്ക് സർക്കാർ ഒരു ദുരിതാശ്വാസ പാക്കേജ് തയ്യാറാക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ താരിഫുകൾ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.