
ന്യൂഡൽഹി: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ മൂലമുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികളിൽ കാതലായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച്, വന്യജീവി ആക്രമണങ്ങൾ കാരണമുണ്ടാകുന്ന വിളനഷ്ടം ഇനിമുതൽ ‘പ്രാദേശിക ദുരന്തം’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിക്കും.പ്രാദേശിക ദുരന്തമായി കണക്കാക്കും.
പ്രാദേശിക ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുന്ന അഞ്ചാമത്തെ ഇനമായാണ് വന്യജീവി ആക്രമണം മൂലമുള്ള വിളനാശത്തെ കേന്ദ്രം ചേർത്തിരിക്കുന്നത്.ധനസഹായം ‘ഫസൽ ബീമാ യോജന’ വഴി: പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY) വഴിയായിരിക്കും ഇത്തരം ദുരന്തങ്ങൾക്ക് കർഷകർക്ക് ധനസഹായം ലഭ്യമാക്കുക.നിരവധി സംസ്ഥാനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ഈ തീരുമാനം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗുരുതരമായ വിളനാശത്തിൽ നിന്ന് കർഷകർക്ക് കൂടുതൽ സംരക്ഷണം നൽകുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.
വന്യജീവി ആക്രമണത്തിന് പുറമെ, വെള്ളപ്പൊക്കം മൂലം നെൽകൃഷിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ഇനി നഷ്ടപരിഹാരം ലഭിക്കും.തീരദേശ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നെൽവയലുകളുടെ നാശനഷ്ടം മുൻപും പ്രാദേശിക ദുരന്തമായി കണക്കാക്കിയിരുന്നു. എന്നാൽ വിള ഇൻഷുറൻസിന്റെ പരിധിയിൽ വരാത്ത ഈ നാശനഷ്ടങ്ങൾക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. പുതിയ തീരുമാനത്തോടെ ഈ പ്രശ്നത്തിനും പരിഹാരമാകും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഈ പുതിയ തീരുമാനം. കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ച ഒരു വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2026-ലെ ഖാരിഫ് സീസൺ മുതൽ കർഷകർക്ക് പുതിയ സംരക്ഷണം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.