Banner Ads

ചിറക്കരയുടെ ഉറക്കം കെടുത്തി കാട്ടാന ; ജനവാസമേഖലയിൽ ആനയിറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു

മാനന്തവാടി: ചിറക്കര നിവാസികൾക്ക് ഉറക്കം കെടുത്തുന്ന രീതിയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി കാട്ടാന ജനവാസ മേഖലകളിലേക്ക് എത്തുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇത് കാർഷിക വിളകൾക്ക് നാശനഷ്ടമുണ്ടാക്കുകയും പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്നുണ്ട്.

രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കാട്ടാനയെ തുരത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.തിങ്കളാഴ്ച സന്ധ്യക്ക് തേയില ഫാക്ടറിക്കു സമീപമെത്തിയ ആന പ്രദേശവാസികളെ മുൾമുനയിലാക്കി.രണ്ടു മണിക്കൂറോളമാണ് ആന തേയില ഫാക്ടറിക്കു പിറകുവശത്ത് നിലയുറപ്പിച്ചത്.

രാത്രി ഒമ്ബതോടെ വനംവകുപ്പും നാട്ടുകാരും സംയുക്തമായി ആനയെ പടക്കം പൊട്ടിച്ച് കാടുകയറ്റി. വനാതിർത്തിയിൽ നിലയുറപ്പിക്കുന്ന ആന വൈദ്യുതി വേലി തകർത്താണ് ചിറക്കര ഭാഗത്ത് നിരന്തരം എത്തുന്നത്. വനംവകുപ്പും നാട്ടുകാരും പിൻവാങ്ങുമ്ബോൾ ആന ജനവാസമേഖലയിലേക്കെത്തും.ആനക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് വനംവകുപ്പ് നിഗമനം. പ്രദേശത്തെ വീടുകളിലെ പ്ലാവ്, മാവ്, തെങ്ങ്, കപ്പ, കാപ്പി ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസമേഖലയിൽ ആന ഇറങ്ങുന്നതോടെ നാട്ടുകാർ ഭീതിയിലാണ്.