
തമിഴ്നാട് :നീലഗിരി ഗൂഡല്ലൂർ മൂന്നാംമൈലിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. ഒറ്റയാൻ കടയുടെ മേൽക്കൂരയും വാഹനങ്ങളും തകർത്തു. സ്ഥിരമായി ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന ആന അപകടകാരിയാണെന്ന് നാട്ടുകാർ പറയുന്നു.വനം വകുപ്പ് ജീവനക്കാർ ആനയെ തുരത്തുന്നതിനിടെയാണ് കടക്കും വാഹനങ്ങൾക്കും നേരെ ആനയുടെ ആക്രമണം ഉണ്ടായത്.
ഈ സമയം വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.കഴിഞ്ഞ 10 വർഷമായി ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ജനവാസ മേഖലയിലേക്ക് സ്ഥിരമായി ആനകൾ എത്തുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു.