Banner Ads

മാലിന്യ നിക്ഷേപം ഇപ്പോൾ മരങ്ങളിലും

    ജലാശയങ്ങളിലും പൊതു ഇടങ്ങളിലും മാത്രം നിക്ഷേപിച്ചിരുന്ന മാലിന്യം ഇപ്പോൾ മരങ്ങളിലും കുന്നുകൂടുന്നു.  ഒഞ്ചിയം വെള്ളാറ താഴഭാഗത്ത് റോഡിലെ തണല്‍ മരത്തിലാണ് മാലിന്യം ചാക്കിലാക്കി കൊണ്ട് വച്ചിരിക്കുന്നത്.

വടകര : ജലാശയങ്ങളിലും പൊതു ഇടങ്ങളിലും മാത്രം നിക്ഷേപിച്ചിരുന്ന മാലിന്യം ഇപ്പോൾ മരങ്ങളിലും കുന്നുകൂടുന്നു.  ഒഞ്ചിയം വെള്ളാറ താഴഭാഗത്ത് റോഡിലെ തണല്‍ മരത്തിലാണ് മാലിന്യം ചാക്കിലാക്കി കൊണ്ട് വച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വേസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും മനുഷ്യർക്കും ജീവജാലങ്ങള്‍ക്കും അപകടമാണെന്ന തിരിച്ചറിവിലാണ് ഇവ ഏറ്റെടുത്ത് സംസ്കരണ കേന്ദ്രങ്ങളിലേക്കയക്കാൻ പഞ്ചായത്തുകളില്‍ ഹരിത കർമ്മസേന പ്രവർത്തനം ആരംഭിച്ചത്.

ആരോഗ്യപരിപാലനത്തില്‍ ഹരിതസേനയ്ക്ക് ഉള്ള പങ്ക് ചെറുതല്ല.  ഓരോ വീടുകള്‍ തോറും കയറി സംഭരിക്കുന്ന ജൈവ, അജൈവമാലിന്യങ്ങള്‍ തരംതിരിച്ച്‌ സൂക്ഷിക്കാൻ കൃത്യമായ ഇടം ലഭിക്കാതെ കുഴപ്പത്തിലാവുകയാണ് ഹരിത കർമ്മസേനാ പ്രവർത്തകർ. ആളില്ലാത്ത പറമ്പുകൾ, റോഡരികിലെ വൃക്ഷങ്ങളൂടെ ചുവടുകളിലും മറ്റും ഇവ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും തെരുവുനായകളും കുറുക്കന്മാരും ചാക്കുകള്‍ കടിച്ചുകീറുകയും ചെയ്യും.

സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കൃത്യമായി നീക്കംചെയ്യാതെ മാലിന്യം കുമിഞ്ഞുകൂടുകയാണ്.  കാലവർഷം കൂടി വന്നപ്പോൾ മാലിന്യത്തില്‍ നിന്നുള്ള വെള്ളമൊഴുകി വീടുകളിലും നദികളിലുമെത്തി. ഇത് പകർച്ചവ്യാധികള്‍ പെരുകുന്നതിനും കാരണമാകുന്നുണ്ട്. കൂടാതെ മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുകയും ചെയ്യുന്നു.  ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനിതുടങ്ങിയ രോഗങ്ങള്‍ ഇതുകാരണം കൂടി വരുന്നു.

മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനായി ഫോട്ടോ എടുത്ത് അറിയിക്കാനുള്ള സംവിധാനം പലസ്ഥലങ്ങളിലും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമായ പ്രയോജനം ഉണ്ടാക്കിയില്ല. ആലപ്പുഴയില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരുടെ പേരും വിലാസവും പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും മാലിന്യം വലിച്ചെറിയുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.  രാത്രികാല സ്ക്വാഡ് പരിശോധനകൾക്കായി ഇറങ്ങിയിരുന്നെങ്കിലും അവരുടെ കണ്ണുവെട്ടിച്ചിട്ടു മാലിന്യം കൊണ്ട് കളയുന്നു.

Leave a Reply

Your email address will not be published. Required fields are marked *